കുടുംബാരോഗ്യം: ഒരു സംയുക്ത ഉത്തരവാദിത്വം
Malayalam Public Health article - Family Health: A Joint Responsibility
PUBLIC HEALTHMALAYALAM
6/11/20251 min read
My post contentഒരിക്കൽ, ഞാൻ ജോലിചെയ്തുകൊണ്ടിരുന്ന ആശുപത്രിയിൽ ഒരു വേദനാജനകമായ സാഹചര്യം അറിയാനിടയായി. ഒരു അച്ഛനും മകനും ഒരേ സമയം അഡ്മിറ്റ് ചെയ്തിരുന്നു. വർഷങ്ങളോളം മദ്യാസക്തിയുമായി പോരാടിയിരുന്ന പിതാവ് ചികിത്സയിൽ ആയിരിക്കുമ്പോൾ തന്നേ, ഇരുപത്തിയഞ്ചു വയസ്സിൽ താഴെയുള്ള മകൻ മയക്കുമരുന്നിന്റെ ഉപയോഗത്തേ തുടർന്ന് ചികിത്സ തേടുന്നു. അവരുടെ പോരാട്ടങ്ങൾ കണ്ടപ്പോൾ, ഒരു വ്യക്തിയുടെ ജീവിതശൈലികൾ എത്രമാത്രം ഒരു കുടുംബത്തെ മുഴുവൻ ബാധിക്കുന്നുവെന്ന് വ്യക്തമായിരുന്നു. ഇരുവരും പരസ്പരം പിന്തുണയ്ക്കാൻ കഴിയാതെ, നാശത്തിന്റെ ചക്രവ്യൂഹത്തിൽ പെട്ടുകിടക്കുന്നു. കുടുംബ സാഹചര്യങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധങ്ങൾ, അവർക്കിടയിലെ ആശയവിനിമയം - അല്ലെങ്കിൽ അതിന്റെ അഭാവം, ഇതെല്ലാംതന്നെ, ക്ഷയിക്കുന്ന അവരുടെ ആരോഗ്യത്തിൽ ഒരു നിർണായക പങ്ക് വഹിച്ചിരുന്നു, എന്നത് വ്യക്തമായിരുന്നു.
മനശാസ്ത്ര വിദഗ്ധനായ എന്റെ സഹപ്രവർത്തകൻ പങ്കിട്ട ഒരു സമാനമായ കേസ്, സ്ക്രീൻ അഡിക്ഷനു ചികിത്സ തേടിയ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെക്കുറിച്ചുള്ളതാണ്. സ്‌ക്രീനിന് മുമ്പിൽ അനവധി മണിക്കൂറുകൾ ചിലവഴിച്ചിരുന്ന ആ വിദ്യാർത്ഥി, പഠനം, സാമൂഹിക ബന്ധങ്ങൾ, എന്തിന് , വ്യക്തി ശുചിത്വം പോലും അവഗണിക്കുന്ന അവസ്ഥയിൽ എത്തിയിരുന്നു. ഉചിതമായ ചികിത്സകൊണ്ട് വളരെയധികം മാറ്റം ആ കുട്ടിയിലുണ്ടായി. കുറച്ച് നാളുകൾക്കു ശേഷം, ആ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ, അവരുടെ ഇളയ മകനുമായി ക്ലിനിക് വീണ്ടും സന്ദർശിച്ചു. ആ കുട്ടിക്കും, അതേ പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നു. ഈ സംഭവങ്ങൾ ഒരു നിർണായകമായ കാര്യം ഹൈലൈറ്റ് ചെയ്യുന്നു: കുടുംബങ്ങൾ, അവരുടെ കൂട്ടായ പെരുമാറ്റത്തിലൂടെയും പിന്തുണനാ സംവിധാനങ്ങളിലൂടെയും, ഓരോ അംഗത്തിന്റെയും ആരോഗ്യം രൂപപ്പെടുത്തുന്നതിൽ നിർണായകമാണ്, എന്ന്
ആരോഗ്യത്തിൽ കുടുംബത്തിന്റെ പങ്ക്
നല്ല ആരോഗ്യം രൂപപ്പെടുത്തുന്നതിൽ ദൈനംദിന കുടുംബ ജീവിതം നിർണായക പങ്ക് വഹിക്കുന്നു. ഒരുമിച്ച് ഒരു കുടുംബമായി ആഹാരം കഴിക്കുന്നതും, എന്ത് തരം ഭക്ഷണം കഴിക്കുന്നു എന്നതും, ഒരുമിച്ച് കായിക പ്രവർത്തനങ്ങളിലേർപ്പെടുന്നതുമെല്ലാം, വ്യക്തിഗത ആരോഗ്യത്തെ കുടുംബാന്തരീക്ഷം വളരെയധികം സ്വാധീനിക്കുന്നു എന്നതിന്റെ ഉദ്ദാഹരണമാണ്. ദീർഘകാല രോഗങ്ങളും (chronic diseases) മാനസികാരോഗ്യ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഒത്തൊരുമിച്ചുള്ള ഉത്തരവാദിത്വം കുടുംബങ്ങൾ പലപ്പോഴും വഹിക്കുന്നു. പരസ്പ്പരം സഹകരിച്ചുള്ള വീട്ടു ജോലികളും, തുറന്ന ആശയവിനിമയവുമുള്ള ഒരു നല്ല കുടുംബാന്തരീക്ഷം ഒരു വ്യക്തിക്ക് വൈകാരിക പിന്തുണ നൽകുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതിനു വിപരീതമായി, കുടുംബങ്ങളിലെ പരിഹരിക്കപ്പെടാത്ത സംഘർഷങ്ങൾ, അവഗണന, അനാരോഗ്യകരമായ ശീലങ്ങൾ, ആ കുടുംബത്തിലെ എല്ലാവരുടെയും ക്ഷേമത്തെ പ്രതികൂലമായി ബാധിക്കും, ആദ്യം പറഞ്ഞ ഉദ്ദാഹരണങ്ങൾ പോലെ.
ആരോഗ്യത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ ആദ്യത്തെ ഗുരുക്കന്മാരാണ്. ചെറുപ്പം മുതൽ കുട്ടികളെ ആരോഗ്യകരമായ ശീലങ്ങൾ പഠിപ്പിക്കുന്നത് അവരുടെ ജീവിതകാലത്തെ ക്ഷേമത്തിന് നല്ലൊരു അടിത്തറ പാകാൻ സഹായിക്കുന്നു. പോഷണം, ഉറക്കം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ മാത്രം നിറവേറ്റുന്നതിനു അപ്പുറം, മാതാപിതാക്കൾ മാതൃകയായി നിൽക്കുകയും, കുട്ടികൾക്ക് ഭൗതികമായും മാനസികമായും വളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുമാണ്. കുട്ടികൾ അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ മാതാപിതാക്കളുടെ മുമ്പിൽ തുറന്നുപറയാൻ മടിയില്ലാത്ത ഒരു സാഹചര്യത്തിൽ, മോശമായ ഭക്ഷണരീതികൾ അല്ലെങ്കിൽ ലഹരി ഉപയോഗം പോലുള്ള അനാരോഗ്യകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കുറവാണ്. തുറന്ന, വിശ്വാസത്തിൽ അധിഷ്ഠിതമായ ആശയവിനിമയ ചാനലുകൾ സൃഷ്ടിക്കുന്ന കുടുംബങ്ങൾ, അതിലേ അംഗങ്ങളുടെ ആരോഗ്യം സജീവമായി രൂപപ്പെടുത്തുന്നു. ബൈബിൾ ഓർമ്മിപ്പിക്കുന്നതുപോലെ, "തമ്മിൽതമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്‍റെ ന്യായപ്രമാണം നിവർത്തിപ്പിൻ" (ഗലാത്യർ 6:2). ഉത്തരവാദിത്വം പങ്കിടാനുള്ള ഈ ആഹ്വാനം ആത്മീയതയിലുപരി, കുടുംബാരോഗ്യത്തിന് ഒരു പ്രായോഗിക മാർഗനിർദേശവുമാണ്.
മാനസികാരോഗ്യവും കുടുംബബന്ധങ്ങളും
മാനസികാരോഗ്യം കുടുംബബന്ധങ്ങളുമായി ആഴത്തിൽ കെട്ടിപ്പിണഞ്ഞിരിക്കുന്നു. ഇത്തരം ബന്ധങ്ങളുടെ ഗുണനിലവാരം ഓരോ അംഗത്തിന്റെയും മേൽ ദീർഘകാലത്തേക്കുള്ള ഫലങ്ങൾ ഉണ്ടാക്കാം. മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള പോസിറ്റീവായുള്ള ബന്ധങ്ങൾ വൈകാരിക പിന്തുണ നൽകുകയും, ജീവിതത്തിലെ വെല്ലുവിളികളിൽ നിന്ന് കുട്ടികൾക്ക് ഒരു സംരക്ഷണവലയം സൃഷ്ടിക്കുകയും, കരുത്ത് വളർത്തുകയും ചെയ്യുന്നു. ഈ പരസ്പര പിന്തുണ ജീവിതകാലം മുഴുവൻ നിർണ്ണായകമാണ്, കാരണം കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും, ശക്തമായ ഈ ബന്ധങ്ങളിൽ നിന്ന് പ്രയോജനം നേടുന്നു.
എല്ലാ കാര്യങ്ങളിലും പരസ്പരം അടുത്ത് ഇടപെട്ടുളള ബന്ധം നിലനിർത്തുന്ന ദമ്പതികൾക്ക് മികച്ച മാനസികാരോഗ്യവും മനശാന്തിയും അനുഭവപ്പെടുന്നു. ചെറിയ ചെറിയ പോസിറ്റീവ് അനുഭവങ്ങൾ പങ്കിടുന്നത് പോലും രണ്ട് പങ്കാളികളുടെയും മാനസികാവസ്ഥ ഉയർത്തുകയും അവരുടെ വൈകാരിക ബന്ധം ശക്തിപ്പെടുത്തുകയും, സമ്മർദ്ദത്തോട് പൊരുത്തപ്പെടാനുള്ള അവരുടെ കഴിവ് വർദ്ധിക്കുകയും ചെയ്യുന്നു. മറിച്ച് , ദാമ്പത്യത്തിലെ സംഘർഷങ്ങളും ശത്രുതയും, മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഗണ്യമായി ബാധിക്കുകയും വിഷാദം പോലുള്ള അവസ്ഥകൾക്കും മദ്യദുരുപയോഗത്തിനും ഇടയാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള നെഗറ്റീവ് ഡൈനാമിക്സ്, ഹൃദ്രോഗം, എന്റോക്രൈൻ രോഗങ്ങൾ, മുതലായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നതിനു പുറമേ, ശരീരത്തിന്റെ പ്രതിരോധപ്രവർത്തനത്തെ താളം തെറ്റിക്കുകയും ചെയ്യും.
കുടുംബത്തിലെ പതിവുകളും, ആചാരങ്ങളും (routines and rituals), വൈകാരിക സ്ഥിരത നൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ഭക്ഷണം പങ്കുവെക്കുന്നതും, ഒരുമിച്ച് സമയം ചെലവഴിക്കുന്നതും പോലുള്ള ദൈനംദിന ശീലങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പരസ്പരം പിന്തുണ നൽകാനും ഒരു സുരക്ഷിതമായ, പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാനും, അവസരമൊരുക്കുന്നു. പരസ്പരം പിന്തുണ നൽകുന്ന ഒരിടമായി കുടുംബത്തെ കാണുന്നത് അതിലേ അംഗങ്ങളേവരുടേയും മികച്ച മാനസികാരോഗ്യത്തിന് കാരണമാകും.
അതിനുപുറമെ, അമിത സ്‌ക്രീൻ സമയം, മോശമായ ഉറക്കശീലങ്ങൾ പോലുള്ള ആധുനിക വെല്ലുവിളികൾ, മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് കുട്ടികളിലും, കൗമാരക്കാരിലും. മതിയായ ഉറക്കം ലഭിക്കാത്തതും, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദീർഘനേരത്തെ ഉപയോഗവും, ശരീരഭാരം വർദ്ധിപ്പിക്കുക മാത്രമല്ല, ഉദാസീനമായ ജീവിതശൈലിക്കും കാരണമാകുന്നു. ഇത് ശാരീരികാരോഗ്യത്തിനു മാത്രമല്ല മാനസികാരോഗ്യത്തിനും ദോഷകരമാണ്. ശരിയായ ഉറക്കം, സ്‌ക്രീൻ സമയത്തിന്റെ നിയന്ത്രണം, എല്ലാ അംഗങ്ങളുടേയും ജീവിതചര്യകളിൽ സജീവമായ ഇടപെടൽ, എന്നിവ പ്രോത്സാഹിപ്പിക്കുന്ന കുടുംബങ്ങൾ, ഓരോ അംഗത്തിന്റെയും മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കാറുണ്ട്.
കുടുംബത്തിലെ ലഹരിമരുന്ന് അടിമത്തം
മയക്കുമരുന്ന് അടിമത്തം, പ്രത്യേകിച്ച് കൗമാരക്കാരിലും യുവജനങ്ങളിലും, വർദ്ധിച്ചുവരുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു.ഇത് ഒരു വ്യക്തിയുടെ ജീവിതം നശിപ്പിക്കുക മാത്രമല്ല, കുടുംബത്തിന്റെ മുഴുവൻ മാനസികവും വൈകാരികവുമായ ക്ഷേമത്തേയും ഗണ്യമായി ബാധിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ പ്രതിരോധത്തിനും, പുനരുദ്ധാരണത്തിലും കുടുംബങ്ങൾ നിർണായക പങ്കുവഹിക്കുന്നു.
ലഹരി ഉപയോഗം പൊതുവെ സുഹൃത്തുക്കളുടെ സമ്മർദം, മാനസിക സമ്മർദ്ദം, അല്ലെങ്കിൽ കൗതുകം മൂലം വിനോദപരമായ ഉപയോഗത്തിലൂടെ ആരംഭിക്കാറാണ് പതിവ്. എന്നിരുന്നാലും, ഇത് വേഗത്തിൽ ആശ്രിതത്വത്തിനു കാരണമാകുകയും, വ്യക്തിഗത ഉത്തരവാദിത്വങ്ങളുടെ അവഗണനയ്ക്കും, ആരോഗ്യം മോശമാകുന്നതിനും, ബന്ധങ്ങളുടെ തകർച്ചയ്ക്കും ഇടയാക്കുകയും ചെയ്യുന്നു.
കുടുംബങ്ങളിൽ മയക്കുമരുന്ന് അടിമത്തം തടയാനുള്ള ഏറ്റവും പ്രധാനമായ കാര്യം, തുറന്ന ആശയവിനിമയം വളർത്തിയെടുക്കുകയും വൈകാരിക പിന്തുണ നൽകുകയുമാണ്. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് കൗമാരക്കാരുമായി ചർച്ച ചെയ്യുകയും, വ്യക്തമായ പ്രതീക്ഷകൾ നൽകുകയും, ആരോഗ്യകരമായ കുടുംബാന്തരീക്ഷം നിലനിർത്തുകയും ചെയ്യുന്നത് അവരെ ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായിക്കും.
കുട്ടികളിലും കൗമാരക്കാരിലും ലഹരിമരുന്ന് ദുരുപയോഗം തടയാൻ ചില സജീവമായ നടപടികൾ ചുവടേ ചേർക്കട്ടെ -
ആശയവിനിമയം: മയക്കുമരുന്ന് ഉപയോഗത്തിന്റെയും ദുരുപയോഗത്തിന്റെയും അപകടസാധ്യതകളെക്കുറിച്ച് നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക. തുറന്ന സംഭാഷണങ്ങൾ ആസക്തിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ അവരെ സഹായിക്കും.
കേൾക്കുക: നിങ്ങളുടെ കുട്ടികൾ സുഹൃത്തുക്കളുടെ സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു നല്ല ശ്രോതാവായിരിക്കുക. അത് പ്രതിരോധിക്കാനുള്ള അവരുടെ ശ്രമങ്ങളെ പിന്തുണയ്ക്കുക.
മാതൃകയാകുക: മദ്യം അല്ലെങ്കിൽ മറ്റ് ലഹരി മരുന്നുകൾ ദുരുപയോഗം ചെയ്യരുത്. മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്ന മാതാപിതാക്കളുടെ കുട്ടികളിൽ മയക്കുമരുന്ന് ആസക്തിയുടെ അപകടസാധ്യത കൂടുതലായിരിക്കും.
ബന്ധം ശക്തിപ്പെടുത്തുക: നിങ്ങളുടെ കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക. നിങ്ങളും നിങ്ങളുടെ കുട്ടിയും തമ്മിലുള്ള ശക്തമായ, സ്ഥിരമായ ബന്ധം, ലഹരിവിനിയോഗ സാധ്യത കുറയ്ക്കും.
ലഹരി ആസക്തി വേര് പിടിച്ചിട്ടുണ്ടെങ്കിൽ, വീണ്ടെടുക്കലിന് കുടുംബ പിന്തുണ നിർണായകമാണ്. പുനരധിവാസ (Rehabilitation) പദ്ധതികൾ പൊതുവെ കുടുംബ കൗൺസലിംഗും ഉൾക്കൊള്ളുന്നു. ഇത് വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും, കുടുംബബന്ധത്തിൽ ആരോഗ്യപരമായ അതിരുകൾ സ്ഥാപിക്കുന്നതിനും, ക്രിയാത്മകമായ പിന്തുണ നൽകുന്നതിനും സഹായിക്കുന്നു. കുടുംബങ്ങൾ ചികിത്സാ പദ്ധതികളിൽ സജീവമായി പങ്കെടുക്കുകയും , തെറാപ്പി സെഷനുകൾ സംബന്ധിക്കുകയും, ലഹരി രഹിതമായ ഒരു വീട് സൃഷ്ടിക്കുകയും ചെയ്യണം. ഇത് കൂടാതെ, സമീകൃതാഹാരം, പതിവായിട്ടുള്ള വ്യായാമം, പോസിറ്റീവ് സാമൂഹിക ഇടപെടലുകൾ എന്നിവ പോലുള്ള ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കുടുംബങ്ങൾക്ക് പുനരുദ്ധാരണശ്രമങ്ങളെ ബലപ്പെടുത്താൻ കഴിയും.
ലഹരിമരുന്ന് ആസക്തിയെ ഒരു കൂട്ടുത്തരവാദിത്യമായി അഭിസംബോധന ചെയ്യുന്നതിലൂടെ, കുടുംബങ്ങൾക്ക് മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വിനാശകരമായ ഫലങ്ങൾ തടയാൻ സാധിക്കുകയും, ആസക്തിയുമായി പോരാടുന്നവർക്ക് പ്രതീക്ഷയും പിന്തുണയും നൽകാനും സാധിക്കുന്നു.
ആരോഗ്യത്തിൽ ഭക്ഷണത്തിന്റെ സ്വാധീനം
ഡയബറ്റിസ്, അമിതവണ്ണം, രക്തസമ്മർദ്ദം എന്നിവ പോലുള്ള ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളിൽ ഭക്ഷണം നിർണായക പങ്കുവഹിക്കുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് ആരോഗ്യമുള്ള ഭക്ഷണക്രമം പിന്തുടരുന്നതിന് ശ്രമിക്കേണ്ടതുണ്ട്, കാരണം, അത്തരം ശീലത്തിന്റെ സ്വാധീനം ഓരോ അംഗത്തിന്റെയും ദീർഘകാല ആരോഗ്യത്തെ ഗണ്യമായി ബാധിക്കും.
സമീകൃതാഹാരം പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ, ധാതുക്കൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങൾ നൽകുകയും, ഭക്ഷണവുമായി ബന്ധപ്പെട്ട സംക്രമികേതരരോഗങ്ങൾ തടയാനും സഹായിക്കുന്നു. കുടുംബാംഗങ്ങൾ എല്ലാ നേരത്തെയും ഭക്ഷണത്തിൽ പച്ചക്കറികളും, പഴങ്ങളും ഉൾപ്പെടുത്തുകയും, പഞ്ചസാരയും, ഉപ്പും അപകടകരമായ രീതിയിൽ കൊഴുപ്പും അടങ്ങിയിരിക്കുന്ന അൾട്രാപ്രോസസഡ് ഭക്ഷണങ്ങൾ (ഒന്നിലധികം വ്യാവസായിക പ്രക്രിയയിലൂടെ ഉല്പ്പാദിപ്പിക്കുന്ന ഭക്ഷണം) കുറക്കുകയും ചെയ്യണം.
ഉദാഹരണത്തിന്:
ഉപ്പ് ഉപയോഗം: ദിവസവും 5 ഗ്രാമിൽ അധികം ഉപ്പ് ഉപയോഗം നിയന്ത്രിക്കണം, ഇത് ഹൈപ്പർടെൻഷനും ഹൃദ്രോഗവും തടയാൻ സഹായിക്കുന്നു.
പോഷക സമ്പന്നമായ ഭക്ഷണം: പച്ചക്കറികളും പഴങ്ങളും കൊണ്ട് സമ്പന്നമായ ഭക്ഷണം അവശ്യ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. ഇത് സൂക്ഷ്മപോഷകങ്ങളുടെ കുറവ് തടയാനും, രോഗങ്ങളിൽ നിന്ന് സംരക്ഷണവും നല്കുന്നു. വിവിധ ഭക്ഷണ ഗ്രൂപ്പുകൾ ഉൾപ്പെടുന്ന ഭക്ഷണക്രമത്തിലൂടെ എല്ലാവർക്കും ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു, പ്രത്യേകിച്ചും ഗർഭധാരണം, പാലൂട്ടൽ, കൗമാരം തുടങ്ങിയ കാലയളവിൽ.
'എംപ്റ്റി കലോറി' ഒഴിവാക്കുക: ബിസ്കറ്റ്, കേക്ക്, സോഫ്റ്റ് ഡ്രിങ്ക്സ്, മധുരപലഹാരങ്ങൾ എന്നിവ പോലുള്ള ഭക്ഷണങ്ങൾ പോഷക മൂല്യം കുറവാണ്. അവയുടെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളിൽ, പരമാവധി കുറയ്ക്കുക.
ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന കുടുംബങ്ങൾ സാധാരണയായി, മികച്ച ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഗവേഷണങ്ങൾ കാണിക്കുന്നത്, സ്ഥിരമായി കുടുംബവുമൊത്ത് ഭക്ഷണം കഴിക്കുന്ന കുട്ടികളിലും കൗമാരക്കാരിലും, ശരീര ഭാര സൂചിക (Body Mass Index - BMI) കുറഞ്ഞിരിക്കുന്നതായി കാണപ്പെടുന്നു.
ഒരുമിച്ചുള്ള ഭക്ഷണവേളകൾ ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, ആരോഗ്യപരമായ ശീലങ്ങൾ, ഉദ്ദാഹരണത്തിനു - മധുരപാനീയങ്ങൾ ഒഴിവാക്കുക, പഴങ്ങൾ ലഘു ഭക്ഷണമായി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക, തുടങ്ങിയവ പുനഃസ്ഥാപിക്കുന്നതിൽ ഒരു അവസരം നൽകുന്നു.
കുടുംബാരോഗ്യത്തിൽ വ്യായാമത്തിനുള്ള പങ്ക്
ആരോഗ്യം നിലനിർത്താനും ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയാനും കായിക പ്രവർത്തനം അത്യാവശ്യമാണ്. കുടുംബമായി വ്യായാമത്തിൽ ഏർപ്പെടുന്നത്, ശാരീരിക ആരോഗ്യത്തിനൊപ്പം ബന്ധങ്ങളും ശക്തിപ്പെടുത്തുന്നു. പതിവായ വ്യായാമം കുടുംബാരോഗ്യത്തിൽ നിർണായക പങ്ക് എങ്ങനെ വഹിക്കുന്നു എന്ന് നോക്കാം -
ഒബീസിറ്റി (പൊണ്ണത്തടി) തടയൽ, നിയന്ത്രണം: ഇരുപത്തിയഞ്ചു ശതമാനത്തോളം ഇന്ത്യക്കാർ അമിതവണ്ണമുള്ളവരായതിനാൽ ഒബീസിറ്റി വർദ്ധിച്ചുവരുന്ന ഒരു പ്രശ്നമാണ്. ഇത് ഡയബറ്റിസ്, ഹൃദ്രോഗം തുടങ്ങിയ സംക്രമികേതരരോഗങ്ങളുടെ (NCDs) അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ശരീരഭാരം വിലയിരുത്താൻ ഒരു മാർഗം ബോഡി മാസ് ഇൻഡക്സ് (BMI) കണക്കാക്കുന്നതാണ്. ഇത് ഉയരത്തിന്റെയും ഭാരത്തിന്റെയും അടിസ്ഥാനത്തിലുള്ള ശരീരത്തിലെ കൊഴുപ്പിന്റെ ഒരു സൂചികയാണ്. കാൽക്കുലേഷൻ ഫോർമുല ഇങ്ങനെയാണ്:
BMI = ഭാരം (kg) ÷ ഉയരം² (m²)
( ഏഷ്യാക്കാരിൽ BMI 23-ൽ അധികം കാണിക്കുന്നത് അമിതഭാരമായി കണക്കാക്കാം.)
ഒരു കുടുംബമായി അംഗങ്ങളുടെയെല്ലാം BMI നിരീക്ഷിക്കുകയും കായിക പ്രവർത്തനം പ്രോത്സാഹിപ്പിക്കുകയും - കുട്ടികൾക്ക് ദിവസവും 60 മിനിറ്റും മുതിർന്നവർക്ക് 30-60 മിനിറ്റും - ചെയ്യുന്നതിലൂടെ ഒബീസിറ്റി ഒഴിവാക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. അരയുടെ ചുറ്റളവും ഒരു പ്രധാന സൂചകമാണ്: പുരുഷന്മാർക്ക് 90 സെന്റീമീറ്ററിൽ കൂടുതലും സ്ത്രീകൾക്ക് 80 സെന്റീമീറ്ററിൽ കൂടുതലും, ഉയർന്ന ആരോഗ്യ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഹൃദയധമനികൾ, അസ്ഥികൾ, പേശികൾ തുടങ്ങിയവയുടെ ആരോഗ്യം മെച്ചപ്പെടുത്തൽ: സ്ഥിരമായ കായിക പ്രവർത്തനങ്ങൾ ഹൃദയം മാത്രമല്ല പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്തുന്നു. നടത്തം, സൈക്ലിംഗ്, ജോഗിംഗ്, സ്ട്രെങ്ത് ട്രെയിനിങ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹൃദയധമനി ആരോഗ്യം, വഴക്കം, മൊത്തത്തിലുള്ള ശരീരഘടന എന്നിവ മെച്ചപ്പെടുത്തുകയും, ഹൃദ്രോഗം, രക്തസമ്മർദ്ദം, ചില കാൻസർ, എന്നിവ പോലുള്ള ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈ വ്യായാമങ്ങൾ അസ്ഥിക്ഷയം, പേശിക്ഷയം എന്നിവ തടയാനും പ്രത്യേകിച്ചും കുട്ടികളിലെ അസ്ഥി രൂപീകരണത്തിനും സഹായിക്കുന്നു.
മാനസികാരോഗ്യം മെച്ചപ്പെടുത്തൽ: മാനസിക സമ്മർദ്ദവും, ആകാംഷയും കുറയ്ക്കുകയും, വൈകാരികസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുന്നതുവഴി ശാരീരികാഭ്യാസം മാനസികാരോഗ്യത്തെ പോസിറ്റീവായി ബാധിക്കുന്നു. കായികാഭ്യാസങ്ങൾ ശരീരത്തിന്റെ സ്വാഭാവിക മാനസിക ഉദ്ദീപനങ്ങളായ എൻഡോർഫിനുകൾ പുറപ്പെടുവിക്കുന്നു. ഇവ വിഷാദവും ആശങ്കയും പോലുള്ള മാനസിക പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
ദൈനംദിന ജീവിതത്തിൽ ശാരീരിക വ്യായാമം ഉൾപ്പെടുത്തുന്നതിലൂടെ, കുടുംബങ്ങൾ അന്വോന്യം പിന്തുണയ്ക്കുന്ന ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും, ഇത് മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുകയും, ജീവിതശൈലി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ദീർഘകാല രോഗങ്ങൾ: കുടുംബ പിന്തുണയും നിയന്ത്രണവും
പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം പോലുള്ള ദീർഘകാല രോഗങ്ങളുടെ നിയന്ത്രണത്തിന് കുടുംബത്തിന്റെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ദീർഘകാല രോഗം രോഗിയെ മാത്രമല്ല, മുഴുവൻ കുടുംബത്തിന്റെയും വൈകാരികവും പ്രായോഗികവുമായ ജീവിതതാളത്തെയും ബാധിക്കുന്നു. പിന്തുണയുള്ള ഒരു കുടുംബാന്തരീക്ഷം മാനസിക സമ്മർദ്ദം കുറയ്ക്കുകയും, മെഡിക്കൽ ചികിത്സാനിർദ്ദേശങ്ങൾ പാലിക്കുവാനുള്ള സാധ്യത മെച്ചപ്പെടുത്തുകയും, മികച്ച ആരോഗ്യ ഫലങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
പങ്കിട്ട ഉത്തരവാദിത്തം: സമയോചിതമായ ഭക്ഷണക്രമങ്ങൾ, മരുന്നിന്റെ സമയക്രമങ്ങൾ, വ്യായാമ പദ്ധതികൾ എന്നിവ പോലുള്ള ദിനചര്യകൾ വികസിപ്പിക്കുന്ന കുടുംബങ്ങൾ ദീർഘകാല രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ കൂടുതൽ വിജയിക്കുന്നു. ഉദാഹരണത്തിന്, പ്രമേഹരോഗികളിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതിനും, ഭക്ഷണ നിയന്ത്രണങ്ങൾ പാലിക്കുന്നതിനും, കുടുംബപിന്തുണ ലഭിക്കുന്നവർക്ക് മികച്ച ഗ്ലൈസിമിക് നിയന്ത്രണം (glycemic control) ഉണ്ടാകുമെന്നതാണ് ഗവേഷണങ്ങൾ കാണിക്കുന്നത്.
നല്ല ശീലങ്ങൾ: വൈദ്യപരിശോധനകൾ പാലിക്കുക , ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുക, വ്യായാമത്തിന് സമയം കണ്ടെത്തുക തുടങ്ങിയ കുടുംബ ശീലങ്ങൾ സ്ഥാപിക്കുന്നത് ദീർഘകാല രോഗങ്ങൾക്കുള്ള ഫലങ്ങൾ മെച്ചപ്പെടുത്തും. ഇത്തരം ശീലങ്ങൾ രോഗിക്ക് പിന്തുണ ലഭിക്കുന്നതായി അനുഭവപ്പെടുകയും, ആരോഗ്യത്തിനു മുൻഗണന കൊടുക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.
സമ്മർദ്ദം കുറയ്ക്കുക: ദീർഘകാല രോഗങ്ങൾ കുടുംബത്തിന് ഗണ്യമായ മാനസിക ഭാരം ചുമത്തും. വൈകാരിക പിന്തുണ കൊടുക്കുന്ന ഒരു നല്ല കുടുംബാന്തരീക്ഷം ഈ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുകയ്യും, രോഗിക്ക് അവരുടെ രോഗം മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, കുടുംബങ്ങൾക്ക് ദീർഘകാല രോഗചികിത്സ എളുപ്പവും ഫലപ്രദവും ആക്കാം. ഓരോ അംഗത്തിനും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ആകാം.
സ്വയംചികിത്സയുടെ അപകടങ്ങൾ
പല പാശ്ചാത്യ രാജ്യങ്ങളിലും, ഡോക്ടർമാർ പലപ്പോഴും സാധാരണ ജലദോഷത്തിന് മരുന്നുകൾ നിർദേശിക്കുന്നതിൽനിന്നും വിട്ടുനിൽക്കുകയാണ്. അതിന് പകരം വിശ്രമമാണ് ഊന്നിപ്പറയുന്നത്. പ്രിസ്ക്രിപ്ഷനില്ലാതെ അവിടങ്ങളിൽ മരുന്ന് ലഭിക്കാനും ബുദ്ധിമുട്ടാണ്. എന്നാൽ, കേരളത്തിൽ, രോഗികൾ ചെറിയ ലക്ഷണങ്ങൾക്കു പോലും ആന്റിബയോട്ടിക്‌സ് ഉൾപ്പെടെ വിവിധ മരുന്നുകൾ പ്രതീക്ഷിക്കുന്നു. അവർക്ക് ഒന്നിലധികം മരുന്നുകൾ ലഭിക്കുന്നില്ലെങ്കിൽ ഡോക്ടർമാരെ സംശയത്തോടെ കാണുന്നു. ഈ പ്രതീക്ഷയോടൊപ്പം, മരുന്നുകൾ എളുപ്പത്തിൽ ലഭിക്കുന്നതിനുള്ള സൗകര്യം, ചിലവ് കുറവ് എന്ന ചിന്ത , തുടങ്ങിയ ഘടകങ്ങൾ, സ്വയംചികിത്സ എന്ന വർദ്ധിച്ചു വരുന്ന പ്രവണതയിലേക്ക് നയിക്കപ്പെടുന്നു. ഇത് ഗുരുതരമായ അപകടങ്ങളിലേക്കു നയിക്കാം.
സ്വയം രോഗനിർണയം നടത്തി ആരോഗ്യ പ്രവർത്തകരുടെ ഉപദേശം തേടാതെ ഓവർ-ദി-കൗണ്ടർ (over the counter ) മരുന്നുകൾ ഉപയോഗിക്കുന്നത് തെറ്റായ ചികിത്സയിലും അപകടകരമായ പാർശ്വഫലങ്ങളിലും കലാശിക്കും. ഉദാഹരണത്തിന്, ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ആന്റിബയോട്ടിക് റെസിസ്റ്റൻസിന് (Antibiotic Resistance) കാരണമാകുന്നു. ഇതുമൂലം ഭാവിയിൽ, അവയുടെ ഫലപ്രാപ്തി കുറയുകയും കുടുംബാംഗങ്ങളെ അപകടത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ, ശരിയായ ഡോസേജ് കൃത്യമായി പാലിക്കാതിരുന്നാലും അപകടങ്ങളെ വിളിച്ച് വരുത്തുന്നു. ഡോസേജ് കുറഞ്ഞുപോയാൽ, ഉദ്ദേശിച്ച ഫലപ്രാപ്തി കിട്ടാതെ വരികയോ, അധികമായാൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ സംഭവിക്കുകയോ ചെയ്യാം. അതിനാൽ കുടുംബങ്ങൾ ജാഗ്രത പാലിക്കുകയും, അവരുടെ ആരോഗ്യ ആവശ്യങ്ങൾക്കായി - കൃത്യമായ രോഗനിർണയവും, സുരക്ഷിതമായ ചികിത്സയും ഉറപ്പാക്കാൻ - പ്രൊഫഷണൽ വൈദ്യ ഉപദേശത്തിന് മുൻഗണന നൽകുകയും ചെയ്യണം.
ഉപസംഹാരം
കുടുംബാരോഗ്യത്തിന്റെ പശ്ചാത്തലത്തിൽ, വ്യക്തിഗത തീരുമാനങ്ങൾ കൂട്ടായ ഉത്തരവാദിത്തവുമായി കിടാപിണഞ്ഞിരിക്കുന്നു. ഞാൻ ആദ്യം കൊടുത്തിരുന്ന ഉദ്ദാഹരണങ്ങൾ വ്യക്തമാക്കുന്നതുപോലെ, ഒരു അംഗത്തിന്റെ ആരോഗ്യവും ക്ഷേമവും, മുഴുവൻ കുടുംബത്തെയും ബാധിക്കുന്നു. ആസക്തിയോടുള്ള പോരാട്ടം, സ്ക്രീൻ ആശ്രയത്വം, ദീർഘകാല രോഗങ്ങൾ, ഏതുമായിക്കൊള്ളട്ടെ, ആരോഗ്യപരമായ പെരുമാറ്റങ്ങൾ രൂപപ്പെടുത്തുന്നതിൽ കുടുംബങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. സമികൃതാഹാരം, വ്യായാമം, പിന്തുണയുള്ള പരിതസ്ഥിതികൾ, എന്നിവയ്ക്ക് മുൻഗണന നൽകുന്ന കുടുംബങ്ങൾ, എല്ലാ അംഗങ്ങളുടേയും നീണ്ട്നിൽക്കുന്ന ആരോഗ്യം ഉറപ്പിക്കുന്നു.
പുതിയ നിയമത്തിൽ നമ്മളെ ഓർമ്മപ്പെടുത്തുന്നു, "ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം." (ഫിലിപ്പിയർ 2:4). ഓരോ അംഗത്തിന്റെ ആരോഗ്യവും ജീവിതഗുണനിലവാരവും സംരക്ഷിക്കാൻ കൂട്ടായ പരിശ്രമം, എന്ന കുടുംബാരോഗ്യത്തിന്റെ ആശയവുമായി ഈ ബൈബിൾ തത്വം ആഴത്തിൽ പ്രതിധ്വനിക്കുന്നു.
Joe Abraham
Sharing thoughts on books, films, travels and public health.
© 2025. Joe Abraham. All rights reserved.