പക്ഷിപ്പനി: ചോദ്യങ്ങളും ഉത്തരങ്ങളും (Avian Influenza)

Published in Aikyadeepam

PUBLIC HEALTHMALAYALAM

7/4/20241 min read

My post content

കേരളത്തിൽ പലയിടങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ, ഏവിയൻ ഇൻഫ്ലുവൻസ, പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണർത്തുന്ന ഒരു വിഷയമായി വീണ്ടും മാറിയിരിക്കുന്നു. ആലപ്പുഴ ജില്ലയിൽ കോഴികളിലും, കാക്കകളിലും, കൊക്കുകളിലും (common crane) ഈ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മൃഗങ്ങളുടെ ആരോഗ്യത്തിനും പൊതുജനാരോഗ്യത്തിനും ഒരു വലിയ ഭീഷണിയായി നിലനിൽക്കുന്നു. ഇതിനെ തുടർന്ന്, ഈ വൈറസിന്റെ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന സർക്കാർ പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഈ ലേഖനം ഏവിയൻ ഫ്ലൂ, പ്രത്യേകിച്ച് കേരളത്തെ നിലവിൽ ബാധിക്കുന്ന H5N1 strain, അതിന്റെ സംക്രമണം, പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് അറിവ് നൽകാൻ ശ്രമിക്കുന്നു.

ഏവിയൻ ഫ്ലൂ (H5N1) വിനെ ക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയ ദൂരീകരണത്തിനായുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം: ഏവിയൻ ഇൻഫ്ലുവൻസ (H5N1) എന്താണ്, ഇത് മനുഷ്യരെയും മൃഗങ്ങളെയും എങ്ങനെ ബാധിക്കുന്നു?

ഉത്തരം: ഏവിയൻ ഇൻഫ്ലുവൻസ (H5N1) പ്രധാനമായും പക്ഷികളെ വ്യാപകമായി ബാധിക്കുന്ന ഒരു രോഗത്തിനു കാരണമായ വൈറസാണ്. എന്നാൽ ചിലപ്പോൾ ഇത് മനുഷ്യരെയും കന്നുകാലി പോലുള്ള മൃഗങ്ങളെയും ബാധിക്കുന്നു. രോഗം ബാധിച്ച പക്ഷികളുമായുള്ള സമ്പർക്കത്തിലൂടെയും അവയുടെ സ്രവങ്ങളിലൂടെയും മലിനീകൃത പരിസ്ഥിതികളിലൂടെയും ഈ വൈറസ് പകരുന്നു. സംക്രമിതരായ പക്ഷികളുമായോ മലിനീകൃത പ്രദേശങ്ങളുമായോ ഉള്ള അടുത്ത സമ്പർക്കത്തിലൂടെ, നമ്മുടെ കണ്ണുകളിലൂടെയും മൂക്കിലൂടെയും വായയിലൂടെയും, പക്ഷിപ്പനിക്ക് കാരണമായ H 5 N 1 വൈറസുകൾക്ക് മനുഷ്യശരീരത്തിനുള്ളിലേക്കു കടക്കാം. സാധാരണ ജലദോഷം പോലുള്ള ലക്ഷണങ്ങളിൽ നിന്ന് pneumonia പോലുള്ള ഗുരുതരമായ ലക്ഷണങ്ങൾ മുഖേന മരണത്തിലേക്ക് വരെ നയിക്കാൻ ഈ അസുഖത്തിന് കഴിയും.

ചോദ്യം: ഏതൊക്കെ മൃഗങ്ങളിൽ ആണ് H5N1 ബാധിക്കുക?

ഉത്തരം: പ്രധാനമായും പക്ഷികളെയാണ് H5N1 ബാധിക്കുന്നത്, എന്നാൽ മറ്റ് വിവിധ മൃഗങ്ങളിലേക്കും ഇത് പകരാം. കരയിലെ പക്ഷികൾ, കടൽപക്ഷികൾ, തീരദേശ പക്ഷികൾ, കുടിയേറ്റ പക്ഷികൾ (migratory birds) എന്നിവ ഉൾപ്പെടെ, കോഴികളും താറാവുകളും പോലുള്ള വളർത്തുപക്ഷികൾക്കും സാധാരണയായി ബാധിക്കപ്പെടുന്നു. അടുത്ത കാലത്തായി, വിവിധതരം സസ്തനികളിലും (mammals) H5N1 ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നീർനായകൾ (Minks), കുറുക്കന്മാർ, കരടികൾ, കടൽ സിംഹങ്ങൾ, പൂച്ചകൾ നായ്ക്കൾ പോലുള്ള വളർത്തുമൃഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ കറവപ്പശുക്കളിൽ (dairy cows) H5N1 പടർന്നിട്ടുണ്ട്. സംക്രമിതരായ പക്ഷികളെ ഭക്ഷിക്കുന്ന അല്ലെങ്കിൽ ഉയർന്ന വൈറസ് സാന്ദ്രതയുള്ള പരിസ്ഥിതികളിൽ ഏറെ നേരം കഴിയുന്ന സസ്തനികളിലേക്കു ഈ വൈറസ് പകരാം. കേരളത്തിൽ, ഇതുവരെ, പക്ഷികളിൽ മാത്രമാണ് H5N1 റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ചോദ്യം: അടുത്ത കാലത്ത് കേരള സർക്കാർ പുറത്തിറക്കിയ ഏവിയൻ ഫ്ലൂ (H5N1) മാർഗ്ഗനിർദേശങ്ങൾ എന്തൊക്കെയാണ്?

ഉത്തരം: പൊതുജനങ്ങളെയും, പക്ഷികളോടും മൃഗങ്ങളോടും അടുത്ത സമ്പർക്കമുള്ളവരെയും, ഏവിയൻ ഫ്ലൂ (H5N1) വിൽ നിന്ന് സംരക്ഷിക്കുന്നതിനായി കേരള സർക്കാർ വിപുലമായ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രധാന ശുപാർശകൾ ഇവയാണ്:

1. അസംരക്ഷിത സമ്പര്‍ക്കം ഒഴിവാക്കുക: രോഗബാധിതമായ അല്ലെങ്കില്‍ ചത്തുപോയ പക്ഷികളും കന്നുകാലികളും, മറ്റ് മൃഗങ്ങളും അവയുടെ വിസര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കുക. H5N1 സ്ഥിരീകരിക്കപ്പെട്ട അല്ലെങ്കില്‍ സംശയിക്കപ്പെട്ട പക്ഷികളാൽ മലിനമാക്കപ്പെട്ട എല്ലാ വസ്തുക്കളുമായും നിർബന്ധമായി സമ്പര്‍ക്കം ഒഴിവാക്കുക.

2. പെര്‍സണല്‍ പ്രൊട്ടെക്റ്റീവ് ഉപകരണങ്ങള്‍ ഉപയോഗിക്കുക (PPE): കോഴികളും കാട്ടുപക്ഷികളും ഉൾപ്പെടെയുള്ള രോഗബാധിതരായ പക്ഷികളുമായി നേരിട്ടോ അടുത്തോ (ഏകദേശം ആറ് അടിക്കുള്ളിൽ ) സമ്പർക്കം പുലർത്തുമ്പോൾ, ആളുകൾ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE) ധരിക്കണം. ഇത് സുരക്ഷാ കണ്ണട, ഡിസ്പോസബിൾ ഗ്ലൗസുകള്‍, ബൂട്ടുകൾ അല്ലെങ്കില്‍ ബൂട്ട് കവറുകള്‍, N-95 മാസ്‌കുകൾ, ഡിസ്‌പോസബിള്‍ ദ്രാവക പ്രതിരോധ കവചങ്ങള്‍, ഡിസ്‌പോസബിള്‍ തല കവറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

3. നിരീക്ഷണവും ക്വാറന്റീനും: H5N1 ബാധിച്ച പക്ഷികളുമായുള്ള സമ്പര്‍ക്കത്തില്‍ പെട്ട ആളുകള്‍, 10 ദിവസത്തെ കാലയളവില്‍, കണ്ണുകളുടെ ചുവപ്പ് പോലെയുള്ള ലക്ഷണങ്ങള്‍ ഉള്‍പ്പെടെ ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കായി സ്വയം നിരീക്ഷിക്കണം. ഈ കാലയളവിൽ അവർ വീട്ടിൽ ക്വാറന്റീനിൽ തുടരണം.

4. ആന്റിവൈറൽ പ്രതിരോധം: H5N1 ബാധിച്ച പക്ഷികളുമായുള്ള അസംരക്ഷിത സമ്പര്‍ക്കത്തില്‍ പെട്ടവര്‍ രോഗബാധ തടയാന്‍ വൈദ്യസഹായം തേടിയ ശേഷം, ആന്റിവിറല്‍ പോസ്റ്റ്-എക്സ്പോഷര്‍ പ്രൊഫൈലാക്‌സിസ് (post-exposure prophylaxis) പരിഗണിക്കണം.

5. വൈദ്യ പരിശോധന: H5N1 ബാധിച്ച പക്ഷികളുമായുള്ള സമ്പര്‍ക്കത്തിനു ശേഷം ലക്ഷണങ്ങള്‍ കണ്ടാല്‍, ഉടന്‍ വൈദ്യപരിശോധന നടത്തുകയും, മോളിക്യുലര്‍ ടെസ്റ്റിംഗും (molecular testing) ആന്റിവൈറല്‍ ചികിത്സയും നടത്തുകയും വേണം. H5N1 ബാധിതനല്ലെന്ന് സ്ഥിതീകരിക്കുന്നതു വരെ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണം.

കർഷകർ, പോൾട്രി തൊഴിലാളികൾ, അടിയന്തര പ്രതികരണ സേന പ്രവർത്തകർ എന്നിവർക്കായി:

1. അസംരക്ഷിത സമ്പര്‍ക്കം ഒഴിവാക്കുക: രോഗബാധിതമായ പക്ഷികളുമായും കന്നുകാലികളുമായും, H5N1 ബാധിതമാകാനുള്ള സാധ്യതയുള്ള വസ്തുക്കളുമായും അസംരക്ഷിതമായി നേരിട്ടുള്ളതോ അടുത്തുള്ളതോ ആയ സമ്പർക്കം ഒഴിവാക്കുക. പ്രത്യേകിച്ച്, രോഗബാധയുടെ കേന്ദ്രബിന്ദുവിന് ചുറ്റുമുള്ള 10 കിലോമീറ്റർ ചുറ്റളവിൽ ഇത് കർശനമായി പാലിക്കണം.

2. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE) ധരിക്കുക: രോഗബാധിതരായ പക്ഷികൾ, കന്നുകാലികൾ , അവയുടെ വിസര്‍ജ്ജനം , പാല്‍, ചത്ത മൃഗങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോഴും, മൃഗ വിസര്‍ജ്ജനങ്ങളാല്‍ മലിനമായ ഉപരിതലങ്ങൾ, അതിനുപയോഗിക്കുന്ന വെള്ളം എന്നിവ കൈകാര്യം ചെയ്യുമ്പോഴും, ഈ മൃഗങ്ങളെയോ വസ്തുക്കളെയോ പാർപ്പിച്ചിരുന്ന കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുമ്പോഴും ഉചിതമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE) ധരിക്കണം.

ചോദ്യം: മറ്റ് രാജ്യങ്ങളിൽ ഏവിയൻ ഫ്ലൂ മനുഷ്യരിലേക്ക് പകർന്നതിന്റെ ഉദാഹരണങ്ങൾ ഉണ്ടോ?

ഉത്തരം: കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ 23 രാജ്യങ്ങളില്‍ Highly Pathogenic Avian Influenza (HPAI) A(H5N1) വൈറസ് മനുഷ്യരില്‍ വ്യാപിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ പോലുള്ള മിതമായ ലക്ഷണങ്ങളിൽ നിന്ന് മരണം വരെ ഉണ്ടാകാവുന്ന ഗുരുതരമായ അസുഖം വരെ ഈ കേസുകളിൽ കാണപ്പെടുന്നു. രോഗത്തിന്റെ മരണനിരക്ക് (case fatality rate) 50% മുകളിലാണ് . ഈ വർഷം, അമേരിക്കയിൽ , ക്ഷീര കന്നുകാലികളിലും പാസ്ചറൈസേഷൻ ചെയ്യാത്ത പാലിലും H5N1 കണ്ടെത്തിയിട്ടുണ്ട് . ഇത് ക്ഷീരകൃഷി തൊഴിലാളികളിൽ മൂന്ന് സംക്രമണങ്ങൾക്ക് കാരണമായി. മിക്ക മനുഷ്യ സംക്രമണങ്ങളും രോഗബാധിതരായതോ ചത്തതോ ആയ കോഴികളുമായുള്ള, സംരക്ഷണ നടപടികളില്ലാതെയുള്ള (പ്രതിരോധ മുൻകരുതലുകൾ ഇല്ലാതെയുള്ള ) നേരിട്ടുള്ള സമ്പർക്കത്തിന് ശേഷമാണ് സംഭവിക്കുന്നത്. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള സ്ഥിരമായ പകർച്ച ഇതുവരെ കണ്ടെത്തിയിട്ടില്ല. കേരളത്തിൽ, ഇതുവരെ പക്ഷികളിൽ മാത്രമാണ് H5N1 റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സസ്തനികളിലേക്കോ മനുഷ്യരിലേക്കോ പകർച്ച കണ്ടെത്തിയിട്ടില്ല.

ചോദ്യം: ഏവിയൻ ഫ്ലൂ പടർച്ചയുടെ സമയത്ത് കോഴിയിറച്ചിയും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് സുരക്ഷിതമാണോ?

ഉത്തരം: അതെ, ഏവിയൻ ഫ്ലൂ പടർച്ചയുടെ സമയത്ത് കോഴിയിറച്ചിയും പാലുൽപ്പന്നങ്ങളും പൂർണ്ണമായും വേവിച്ചെടുത്താൽ, കഴിക്കുന്നത് സുരക്ഷിതമാണ്. പൂർണമായും വേകാത്തതോ , കുറച്ച് വേവിച്ചതോ ആയ poultry ഉൽ‌പ്പന്നങ്ങൾ, പാകം ചെയ്യാത്ത താറാവിന്റെ അവയവങ്ങൾ, രക്തം എന്നിവ പോലുള്ളവ കഴിക്കുന്നതുമായി ബന്ധപ്പെട്ട്, അപൂർവമായി ഏവിയൻ ഇൻഫ്ലുവൻസ A (H5N1) സംക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, കോഴിയിറച്ചിയും വന്യമൃഗങ്ങളുടെ ഇറച്ചിയും മുട്ടകളും ശരിയായി പാകം ചെയ്യുന്നത് വൈറസിനെ നശിപ്പിക്കുകയും, അവ കഴിക്കാൻ യോഗ്യമാക്കുകയും ചെയ്യുന്നു എന്നാണ് എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്. മനുഷ്യരിലെ കേസുകളിൽ ഭൂരിഭാഗവും രോഗബാധിതരായ കോഴികളുമായോ, പക്ഷി മാർക്കറ്റുകൾ പോലുള്ള മലിനീകൃത പരിസ്ഥിതികളുമായോ ഉള്ള നേരിട്ടുള്ള സമ്പർക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, പൂർണ്ണമായും വേവിച്ചെടുത്ത കോഴിയിറച്ചിയിലൂടെയും പാലുൽപ്പന്നങ്ങളിലൂടെയും ഇൻഫ്ലുവൻസ A (H5N1) വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യതയില്ല.

ചോദ്യം: H5N1 മനുഷ്യരിൽ വ്യാപകമായ പടർച്ചയ്ക്ക് കാരണമാകാത്തത് എന്തുകൊണ്ട്?

ഉത്തരം: പ്രധാനമായും മനുഷ്യരുടെ അപ്പർ റെസ്പിറേറ്ററി ട്രാക്ടിലെ റിസെപ്റ്റർസിൽ (receptors in Upper respiratory tract) വൈറസ് കാര്യക്ഷമായി ബന്ധിക്കാത്തതുകൊണ്ടാണ്, H5N1 മനുഷ്യരിൽ വ്യാപകമായ പടർച്ചയ്ക്ക് കാരണമാകാത്തത്. ഇത് വൈറസിന് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരാൻ പ്രയാസമാക്കുന്നു. 2022 മുതൽ മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂരിഭാഗം കേസുകളും രോഗബാധിതരായ കോഴികളുമായുള്ള നേരിട്ടുള്ള സമ്പർക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെ കുറച്ച് കേസുകൾ കന്നുകാലികൾ പോലുള്ള മറ്റ് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കത്തിൽ നിന്നും.

കൂടാതെ, HPAI A(H5N1) വൈറസിന്റെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള പകർച്ച ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മനുഷ്യരിലേക്കുള്ള പകർച്ചയുടെ കുറഞ്ഞ കാര്യക്ഷമതയും, സമ്പർക്ക സ്വഭാവവും (പ്രധാനമായും രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം) പൊതുജനങ്ങൾക്കുള്ള അപകടസാധ്യത താരതമ്യേന കുറവായി നിലനിർത്തുന്നു. എന്നിരുന്നാലും, ഇൻഫ്ലുവൻസ വൈറസുകൾക്ക് വേഗത്തിൽ പരിണമിക്കാൻ കഴിയുന്നതിനാൽ, മനുഷ്യർക്കുള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്ന വൈറസിലെ ഏതെങ്കിലും മാറ്റങ്ങൾ നിരീക്ഷിക്കാനും, പ്രതികരിക്കാനും, തുടർച്ചയായ നിരീക്ഷണവും സന്നദ്ധതയും അത്യാവശ്യമാണ്.

കേരളത്തില്‍ ഇപ്പോൾ ഉണ്ടായിരിക്കുന്ന പക്ഷിപ്പനിയുടെ പടർച്ച, ജാഗ്രതയുടെയും സന്നദ്ധതയുടെയും പ്രാധാന്യം എടുത്തുകാണിക്കുന്നു. പൊതുജനങ്ങൾക്ക് പക്ഷിപ്പനിയുടെ ഭീഷണി താരതമ്യേന കുറവാണെങ്കിലും, രോഗബാധ തടയാന്‍ ശുപാര്‍ശ ചെയ്ത മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുക അത്യാവശ്യമാണ്. പകർച്ചവഴികൾ മനസ്സിലാക്കുകയും അനുയോജ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യുന്നതിലൂടെ, വ്യക്തികള്‍ക്ക് സ്വയം സംരക്ഷണവും, പൊതുജനാരോഗ്യ ശ്രമങ്ങള്‍ക്ക് പിന്തുണയും നൽകാം. അറിവോടെ, ജാഗ്രതയോടെ, പരിഭ്രാന്തിയില്ലാതെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ മുന്നോട്ടുപോകുന്നത് പക്ഷിപ്പനി പടരുന്നത് നിയന്ത്രിക്കാനും ചെറുക്കാനും മുഖ്യമാണ്. പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഓര്‍മ്മിക്കുക. പക്ഷിപ്പനി പോലുള്ള വ്യാധികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ശാസ്ത്രവും, പൊതുജനാരോഗ്യ നടപടികളും നൽകുന്നു.