പേ വിഷബാധ പ്രതിരോധം - അറിയേണ്ടതെല്ലാം? (Rabies)

Published in the monthly Aikyadeepam

PUBLIC HEALTHMALAYALAM

10/1/20221 min read

ഒക്ടോബർ ആദ്യ വാരം വരെയുള്ള കണക്കുകൾ നോക്കുമ്പോൾ 21 മരണങ്ങൾ ആണ് റാബീസ് മൂലം ഈ വർഷം കേരളത്തിൽ സ്ഥിതീകരിച്ചിരിക്കുന്നത്. വാക്‌സിന്റെ ഫല പ്രാപ്തിയും , തെരുവ് നായ ശല്യവും, ഇതിനോടകം മിക്ക ചാനൽ ചർച്ചകളിലെയും ചൂടേറിയ വിഷയം ആയിരുന്നു. മിക്കവാറും എല്ലാ ദിവസവും നായ മനുഷ്യനെ കടിച്ചതിന്റെ റിപോർട്ടുകൾ നമ്മൾ പത്രങ്ങളിൽ കാണാറുമുണ്ട്. പേ വിഷബാധയേറ്റാൽ ഏറെക്കുറെ മരണം ഉറപ്പാണ് എന്നുള്ളതിനാൽ കേരളസമൂഹം ഈ വിഷയത്തിൽ അത്യധികം ആശങ്കയിലാണ്.

എന്താണ് Rabies അഥവാ പേ വിഷ ബാധ?

Rabies Virus എന്ന രോഗാണുക്കൾ ബാധിച്ച മൃഗങ്ങളുടെ തുപ്പൽ വഴിയാണ് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. കടിക്കുമ്പോഴോ, മുറിവിൽ നക്കുമ്പോളോ രോഗം പകരാം. മുറിവിൽ നിന്ന് രോഗാണുക്കൾ നാഡികൾ വഴി തലച്ചോറിൽ എത്തുമ്പോള്‍ ആണ് രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്. 96 ശതമാനം ആളുകൾക്കും അസുഖം പകരുന്നത് നായയിൽ നിന്നാണ്. പൂച്ച , വളർത്തു മൃഗങ്ങൾ, വന്യ ജീവികൾ ഒക്കെ അസുഖം പരത്താൻ കഴിവുള്ളവരാണ്. എലി, അണ്ണാൻ തുടങ്ങിയ Rodents വിഭാഗത്തിൽ പെടുന്ന മൃഗങ്ങൾ സാധാരണ പ്രശ്നക്കാരല്ല. ചിലതരം വാവലുകൾ (Bats) അസുഖം പരത്താറുണ്ട് .

നായ കടിച്ചാൽ?

മൃഗങ്ങളുടെ കടി, പോറൽ, നക്കൽ എന്നിവയേൽക്കുന്ന ഭാഗം 15 മിനിറ്റെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. കഴിവതും ടാപ്പ് വെള്ളത്തിൽ കഴുകുക. വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ ഇത് സഹായിക്കും. വന്യ മൃഗങ്ങളുടെ കടിയോ നഖം കൊണ്ടോ, ഉണ്ടാവുന്ന മുറിവുകളെ, പ്രധിരോധ മരുന്നും മറ്റു ചികിത്സയും നൽകാനായി മൂന്നായി തരം തിരിച്ചിട്ടുണ്ട്.

Category 1: മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക

- കുത്തിവയ്പ്പ് നൽകേണ്ടതില്ല, സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ച് കഴുകുക.

Category 2: തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ

- മേല്പറഞ്ഞതുപോലെ കഴുകണം. പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം.

Category 3: രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ, വായിലോ നക്കൽ, വന്യ മൃഗങ്ങളുടെ കടി

- മേല്പറഞ്ഞതുപോലെ കഴുകണം. ഇൻട്രാ ഡെർമൽ/ ഇൻട്രാ മസ്ക്കുലാർ റാബീസ് വാക്‌സിനേഷൻ, ഹ്യൂമൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കണം.

മുഖത്തോ, കഴുത്തിലോ, വിരലുകളിലോ ഉള്ള കടി ഗുരുതരമാകാം. നാഡികളിലൂടെ വൈറസുകൾ വേഗം തലച്ചോറിലേക്ക് പകരാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ എത്രെയും വേഗം ചികിത്സ നല്‍കണം.

വാക്‌സിൻ മാത്രം പോരെ? ഇമ്മ്യൂണോഗ്ലോബുലിൻ വേണോ?

കാറ്റഗറി 3 മുറിവുകൾക്കും വന്യ മൃഗങ്ങൾ കടിച്ചുള്ള മുറിവുകൾക്കും ഈ മരുന്ന് നിർബന്ധമായും എടുക്കണം. പറ്റുന്നത്ര മുറിവിനുള്ളിലും ചുറ്റുമായും എടുക്കുകയാണ് ചെയ്യുന്നത്. ഒരാളുടെ ഭാരം അനുസരിച്ചാണ് മരുന്നിന്‍റെ അളവ് നിശ്ചയിക്കുന്നത്. വൈറസിനെ നേരിട്ട് പ്രതിരോധിക്കാൻ ഉള്ള കഴിവ് ഈ മരുന്നിനുണ്ട്. പ്രതിരോധ കുത്തിവയ്പ്പിലൂടെ (വാക്‌സിൻ) ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്മ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.

എത്ര ദിവസം കൂടുമ്പോൾ കുത്തിവയ്പ്പ് എടുക്കണം?

പലരും കരുതുന്ന പോലെ പുക്കുളിന് ചുറ്റും പത്തു പതിനാല് വട്ടം എടുക്കുന്ന രീതി ഒന്നും അല്ല ഇപ്പോൾ ഉള്ളത്.

മസിലിൽ എടുക്കുന്ന കുത്തിവെപ്പ് (Intra muscular regimen-ARV) ആണെങ്കിൽ,

കുത്തിവെപ്പ് തുടങ്ങുന്ന ദിവസത്തെ 0 ദിവസം ആയി കരുതിയാൽ 0, 3, 7, 14, 28 ദിവസങ്ങളിൽ എടുക്കണം. സ്വകാര്യ ആശുപത്രികളിൽ ഈ രീതി ആണ് തുടരുന്നത്.

തൊലിപ്പുറത്തു എടുക്കുന്ന കുത്തിവെപ്പ് (Intra dermal rabies vaccine- IDRV) ആണെങ്കിൽ, 0, 3, 7, 28 ദിവസങ്ങളിൽ ആണ് കുത്തിവെപ്പുകൾ. ഇപ്പോൾ എല്ലാ സർക്കാർ ആശുപത്രികളിലും ഈ രീതിയാണ് തുടരുന്നത്.

പട്ടി കടിക്കുന്നതിന് മുന്നേ പ്രതിരോധത്തിനായി കുത്തിവെപ്പ് എടുക്കാമോ?

പട്ടിയേയും പൂച്ചയേയും ഒക്കെ സ്ഥിരം കൈകാര്യം ചെയ്യുന്നവരും, വന്യമൃഗങ്ങളുമായി ഇടപഴുകുന്നവരും ഒക്കെ മുന്നേ ഈ കുത്തിവെപ്പ് (പ്രീ എക്സ്പോഷെർ പ്രൊഫിലാക്സിസ്) എടുക്കുന്നത് നല്ലതാണു. 0, 7 ,21/28 ദിവസങ്ങളിൽ 3 കുത്തിവെപ്പ് ആണ് എടുക്കേണ്ടത്. പിന്നീട് മൃഗങ്ങളുടെ കടിയേറ്റാൽ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്‌ക്കേണ്ടതില്ല.



ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്കു നിർബന്ധമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തു അവരുടെയും നമ്മളുടെയും സുരക്ഷ ഉറപ്പു വരുത്തുക.

പേവിഷ ബാധ ഉണ്ടാകുന്ന 40 % ആളുകളും 15 വയസിനു താഴെ പ്രായമുള്ളവർ ആണ്. മൃഗങ്ങളോട് സൗമ്യമായി പെരുമാറുന്നതിനു കുട്ടികളെ ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കുക. മൃഗങ്ങളോടൊത്തു കളിക്കുമ്പോഴും അവരെ ഓമനിക്കുമ്പോഴും ശ്രദ്ധ പുലർത്താൻ കുട്ടികളെ പരിശീലിപ്പിക്കുക. കടിയോ മാന്തോ കിട്ടിയാൽ മാതാപിതാക്കളെ അറിയിക്കാൻ കുട്ടികളെ ശീലിപ്പിക്കുക.