സീസണൽ ചൂട്.

Posted in Sanchari Facebook group

TRAVELMALAYALAM

11/26/20221 min read

ഈ കഴിഞ്ഞ ജൂലൈയിൽ ഞങ്ങൾ ഒരു വാഗമൺ യാത്ര നടത്തിയിരുന്നു. മഴക്കാലമായതിനാൽ പോകുന്ന വഴിയിൽ ഇടയ്ക്കിടെ റോഡ് മൂടുന്ന വിധം കോടമഞ്ഞ് ഉണ്ടായിരുന്നു. വാഗമൺ എത്തിക്കഴിഞ്ഞിട്ടും അത് തന്നെയായിരുന്നു അവസ്ഥ. കുറച്ചുനേരം അന്തരീക്ഷം തെളിഞ്ഞു നിന്നാലും പെട്ടെന്ന് തന്നെ കോട വന്ന് മൂടും. അന്ന് മണിക്കൂറുകളാണ് ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ ഇരുന്ന് മഞ്ഞ് മൂടി കിടക്കുന്ന തേയില തോട്ടങ്ങൾ നോക്കി ചുമ്മാ ഇരുന്നത്. ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകൾക്കിടയിൽ അങ്ങനെ ഒന്ന് രണ്ട് ദിവസം കിട്ടുന്നത്, മാനസികാരോഗ്യത്തിന് പറ്റിയ ഒരു ഒറ്റമൂലിയാണ്.

ഈ കഴിഞ്ഞ ആഴ്ച അതുപോലെ ഒരു യാത്രയ്ക്ക് വീണ്ടും ഒരു അവസരം വന്നു. കഴിഞ്ഞവട്ടം വാഗമൺ പോയതിനാൽ ഈ തവണ ഒന്ന് മാറ്റിപ്പിടിച്ച് മൂന്നാർ പോകാൻ തീരുമാനിച്ചു. വാഗമൺ സമുദ്രനിരപ്പിൽ നിന്നും 1100 ഓളം മീറ്റർ ഉയരത്തിൽ ആണെങ്കിൽ, മൂന്നാർ 1600ഓളം മീറ്റർ ഉയരത്തിലാണ്. ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ മൂന്നാറിലെ ഏറ്റവും കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസ് വരെ കാണിച്ചു. വാഗമൺ സമ്മാനിച്ച അനുഭവം പ്രതീക്ഷിച്ച്, തണുപ്പത്ത് ഇടാൻ പറ്റിയ ജാക്കറ്റ് ഒക്കെ എടുത്ത്, ഞങ്ങൾ മൂന്നാറിലേക്ക് യാത്ര തിരിച്ചു.

ഉച്ചസമയത്തുള്ള യാത്രയായിരുന്നതിനാൽ വെയിലിന്റെ കാഠിന്യം കാറിൻറെ വിൻഷീൽഡും തുളച്ച്, ഞങ്ങൾ നല്ല 'ചൂട് ' ആയിട്ടാണ് മൂന്നാറ് ചെന്ന് ഇറങ്ങിയത്. പക്ഷേ മൂന്നാറിന്റെ ഭംഗി തണുപ്പിൽ മാത്രമല്ലല്ലോ. പ്രശസ്തമായ ടൂറിസ്റ്റ് സ്പോട്ടുകളിൽ ഒന്നും പോയില്ലെങ്കിൽ പോലും, കണ്ണെത്താ ദൂരത്തോളം പരുന്നു കിടക്കുന്ന തേയില തോട്ടങ്ങൾ കണ്ട് നടക്കാൻ ഒരു പ്രത്യേക സുഖമാണ്. വിഷമിപ്പിക്കുന്ന ഒരു കാര്യം റോഡിൻറെ സൈഡിൽ എല്ലാം വലിച്ചെറിഞ്ഞിരിക്കുന്ന വേസ്റ്റ് ആണ്. മിനറൽ വാട്ടറിന്റ പ്ലാസ്റ്റിക് കുപ്പികളും, മദ്യക്കുപ്പികളും, ചോക്ലേറ്റ് പൊതിയുന്ന കവറുകളും ഒക്കെ ഒരു മത്സരവീര്യത്തോടുകൂടി വലിച്ചെറിഞ്ഞത് പോലുണ്ട്. ശരിയാണ്, റോഡിൻറെ സൈഡിൽ വേസ്റ്റ് ബിന്നുകൾ ഒന്നും കണ്ടില്ല. എങ്കിൽ പോലും യാത്രാമധ്യേ വലിച്ചെറിയാതെ, ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ, നമ്മുടെ കയ്യിലുള്ള വേസ്റ്റുകൾ ഡിസ്പോസ് ചെയ്യാനുള്ള സാമൂഹിക ബോധം നമ്മളിൽ പലരും കാണിക്കാറില്ല.

രാത്രി 16 ഡിഗ്രി സെൽഷ്യസ് ആണെന്ന് ഗൂഗിൾ പറഞ്ഞു. പക്ഷേ അത്രയ്ക്ക് തണുപ്പ് ഒന്നും ഫീൽ ചെയ്തില്ല. അടുത്തദിവസം അതിരാവിലെ എണീറ്റ് നടക്കാൻ പോയി. 'മൂന്നാർ' അല്ലേ എന്ന് കരുതിയും, കൊണ്ടുവന്നിട്ട് ഉപയോഗിക്കാതിരിക്കുന്നത് എങ്ങനെ എന്ന് കരുതിയും, ജാക്കറ്റ് ഒക്കെ ഇട്ടാണ് പോയത്. തേയില തോട്ടങ്ങളും, കുന്നിൻ ചെരുവുകളും ഒക്കെ മഞ്ഞ് മൂടി കിടക്കും എന്ന പ്രതീക്ഷയിലാണ് പോയത്. പക്ഷേ തെറ്റി. അങ്ങ് നാട്ടിൽ കോട്ടയത്തും, ജോലി ചെയ്യുന്ന തിരുവല്ലയിലും, പ്രഭാതത്തിൽ ഇതിനേക്കാൾ കൂടുതൽ മഞ്ഞ് ഇപ്പോ കാണാറുണ്ട്. എന്നിരുന്നാലും ഉദിച്ചു വരുന്ന സൂര്യൻറെ ശോഭയിൽ മൂന്നാറിന് മറ്റൊരിടത്തും കാണാത്ത ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്.

അന്ന് ഉച്ചയ്ക്ക് തന്നെ നാട്ടിലേക്ക് തിരിച്ചു പോകണമായിരുന്നു. ചെക്കൗട്ട് പ്രൊസീജറുകൾ ഒക്കെ കഴിഞ്ഞ് വണ്ടിയിലേക്ക് കയറുമ്പോൾ ഞാൻ ഹോട്ടൽ മാനേജറിനോട്, സീസൺ എന്നാ തുടങ്ങുക, എന്ന് ചോദിച്ചു. അപ്പോൾ ഞങ്ങൾ നിൽക്കുന്നിടത്ത് ഒരു തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. അതിൻറെ ദിശ നോക്കാൻ എന്നവണ്ണം പുള്ളി അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ട് പറഞ്ഞു, " ശരിക്കും പറഞ്ഞാൽ സാറേ സീസൺ ഇന്നുമുതലാ തുടങ്ങിയേ, കണ്ടില്ലേ, തണുപ്പ് തോന്നുന്നില്ലേ?"